എന്റെ പ്രണയത്തിനു വേണ്ടിയൊരുക്കിയ ബലിച്ചോറ് ഇന്നലെയാണു ഞാന്‍ ചവുട്ടിത്തെറിപ്പിച്ചത്. കൊന്നു കുഴിച്ചുമൂടുന്തോറും അതുണര്ന്നെണീക്കുന്നു. രാത്രികളില്‍ കുഴിമാടത്തില്‍ നിന്നും പുറത്തുവന്ന് ഉറക്കം കെടുത്തുന്നു. ഏകാന്തതയോടുള്ള എന്റെ കൂട്ടുകെട്ടിനെ കൂട്ടുപിടിച്ച് നിശബ്ദതയുടെ താളവുമായി ചിന്തകളിലേക്ക് പറന്നുവരുന്നു. കൗമാരപ്രണയം..., അതു പൂമ്പാറ്റയെപ്പോലത്രെ! ഏറ്റവും മനോഹരം, നിഷ്കളങ്കം. ജീവിതം പക്ഷേ, കുറഞ്ഞ നാളുകളത്രെ. ഇല്ല, തര്‍ക്കങ്ങള്‍ക്കില്ല.എങ്കിലും വര്‍ണാഭമായ വസന്തങ്ങളിലേക്ക് എന്നെയും കൊണ്ട് പറന്ന നിന്നോടെനിക്കാദരവാണ്. ചിലപ്പൊളിഷ്ടവും ചിലപ്പോള്‍ നിരാശയും തോന്നുന്നു, നിനക്കുമുന്നിലെന്നും നൂലുപോലുലഞ്ഞ എന്റെ നട്ടെല്ലിനെക്കുറിച്ചോര്ക്കുമ്പോള്. നോട്ടങ്ങള്‍ക്കുമുന്നില്‍ തോറ്റു തൊപ്പിയിട്ട നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍, പറയാതെ …
