തികച്ചും അസ്വാഭാവികമായ നടപടി തന്നെയായിരുന്നു. സ്വാഭാവികമായി മന്ത്രിസഭയുടെ ‘aid and advice’ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. summoning എന്നത് ഒരു ആജ്ഞയാണ്, കോടതിയുടെ ഭാഷയാണ്. ഭാരതത്തിന്റെ പരമോന്നത നീതിപീഠം വരെയെത്തിയ ആ ജീവിതത്തിലെ ഭാഷാശീലം വരുത്തിയ പിഴവായിരുന്നില്ല ആ ട്വീറ്റിലേത് എങ്കിൽ അത് ഭരണഘടനാ വിരുദ്ധവുമാണ്.
മാത്രവുമല്ല, KJ Jacob അഭിപ്രായപ്പെട്ടപോലെ ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് തീരുമാനിക്കുന്നതും നിയമപരമായി ശരിയല്ല.
ഒരു ക്രിമിനൽ നടപടിയിൽ പോലീസ് തയ്യാറാക്കുന്ന ഏറ്റവും പ്രാഥമികമായ രേഖയാണ് എഫ്. ഐ ആർ. ആ നിലയിൽ തന്നെ അതിന്റേതായ പ്രാധാന്യവും അതിനുണ്ട്. പക്ഷേ, കോടതിയിൽ തെളിവെന്ന നിലയിൽ അതിന്റെ സ്ഥാനം വിഭിന്നമാണ്. പ്രാഥമിക വിവരം നൽകിയ വ്യക്തിയോഴികെ ആരുടേയും വാദം ഖണ്ഡിക്കാന് അത് കോടതിയിൽ ഉപയോഗിക്കാൻ കഴിയില്ല.
പക്ഷേ വസ്തുതകൾ ഇതാകിലും ഗവർണറെ സന്ദർശിച്ചതിന്റെ പേരിലുള്ള പിണറായിവിമർശനങ്ങളോട് യോജിപ്പില്ല. ഗവർണറുടെ നടപടി അപൂർവങ്ങളിൽ അപൂർവമായിരുന്നു. പക്ഷേ ആ ഭരണഘടനാ സ്ഥാനത്തെ തീർച്ചയായും ബഹുമാനിക്കേണ്ടതും ഭയക്കേണ്ടതുമുണ്ട്.
ആർട്ടിക്കിൽ 356 പ്രകാരം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള റിപ്പോർട്ട് ഗവർണറുടെ വിവേചനാധികാരത്തിലുള്ളതാണ്. റിപ്പോർട്ട് ചെല്ലേണ്ടുന്നത് കറകളഞ്ഞ ബിജെപിക്കാരനായ രാം നാഥ് കോവിന്ദിന്റെ മുന്നിലേക്ക്. എപ്പൊ പ്രഖ്യാപിച്ചു എന്നു ചോദിച്ചാൽ മതി. അങ്ങനെയൊന്നുണ്ടായാൽ ദീപക് മിശ്രയുടെ കോടതിയിൽ പോയി അതു ചലഞ്ചു ചെയ്യുന്നതൊന്ന് ആലോചിച്ചു നോക്കൂ!
വിമർശനം പിണറായിയുടെ ശരീരഭാഷയോടാണ്, മാധ്യമപ്രവർത്തകരോടുള്ള പ്രതികരണത്തോടാണ്. അനുദിനം കാവിവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പ്രതീക്ഷയുടെ തുരുത്താണ് കേരളം. ഭരണത്തിലേറി ഇന്നുവരെ മാധ്യമപ്രവർത്തകരെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിയെ മാതൃകയാക്കിയല്ല ആ പ്രതീക്ഷ സംരക്ഷിക്കേണ്ടത്, ഓരോ പ്രവൃത്തിയിലും ജനാധിപത്യബോധം കാത്തുസൂക്ഷിച്ചുകൊണ്ടാണ്.