വിമൻ ഇൻ സിനിമ കലക്ടീവിന്റെ വാർഷികാഘോഷ ചടങ്ങിൽ മീ റ്റൂ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കവേ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ നടത്തിയ പരാമർശം കുറ്റമാരോപിക്കപ്പെടുന്ന സുഹൃത്തുക്കളോട് എന്തുനിലപാടെടുക്കണം എന്ന വിഷയത്തിൽ ഒരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് പ്രധാനം എന്നായിരുന്നു ശ്യാം പ്രഖ്യാപിച്ചത്.
ഇതിനോട് വിയോജിച്ചുകൊണ്ട് മാധ്യമപ്രവർത്തക മനില.സി. മോഹൻ എഴുതുകയുണ്ടായി.
ഒരുപക്ഷേ അലൻസിയർ വിഷയത്തിൽ ശ്യാം കടന്നുപോയിട്ടുണ്ടാവാൻ സാധ്യതയുള്ളതുപോലെ ഒരു മാനസികാവസ്ഥയിലൂടെ ഒരിക്കൽ ഞാനും കടന്നുപോയിട്ടുണ്ട്. എന്റെ സുഹൃത്തിനെതിരെയും ഒരു മീ റ്റൂ ആരോപണം വന്നു. ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു സ്ക്രീൻഷോട്ട് സഹിതം പുറത്തുവന്ന ആരോപണം. തുടർന്ന് എന്റെ തന്നെ മറ്റൊരു പെൺ സുഹൃത്തിനും സമാനമായ അനുഭവമുണ്ടായിരുന്നു എന്ന് അവൾ തന്നെ പറഞ്ഞു.
ക്രൈമിനെ കുറിച്ച് അത്രയും ഗൗരവത്തോടെ അന്നോളം ആലോചിച്ചിരുന്നില്ല – മൂന്നാം സെമസ്റ്ററിൽ ക്രിമിനൽ ലോ ക്ലാസിലിരുന്നപ്പോൾ പോലും.
ഒരു സുഹൃത്ത് കുറ്റാരോപിതനായിരിക്കുന്നു; കുറ്റം ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിയുന്നു. എന്തായിരിക്കണം അവനോടെടുക്കുന്ന നിലപാട്?
കുറ്റവാളിയും ഇരയും തമ്മിലുള്ള വ്യ്വഹാരമല്ല, ആധുനിക സമൂഹത്തിൽ ഒരു കുറ്റം. ഒരു വ്യക്തി ക്രൈം ചെയ്യുന്നത് സമൂഹത്തോടാണ്. അതുകൊണ്ട് തന്നെയാണ് ക്രിമിനൽ കേസിൽ വാദി സ്റ്റേറ്റാവുന്നത്. കുറ്റകൃത്യത്തിന്റെ ഇരയ്ക്ക് ഒരു സാക്ഷിയുടെ റോൾ മാത്രമേ കുറ്റവിചാരണയിലുള്ളൂ. വ്യവഹാരം സ്റ്റേറ്റും കുറ്റവാളിയും തമ്മിലാണ്. നിങ്ങൾ കുറ്റവാളിക്കൊപ്പം നില്ക്കുമ്പോൾ നിങ്ങൾ നിലപാടെടുക്കുന്നത് സമൂഹത്തിനെതിരായാണ്.
പക്ഷേ അവനതു മാത്രമല്ല എന്നെനിയ്ക്കുറപ്പുണ്ടായിരുന്നു. നന്നായെഴുതുന്ന, മികച്ചൊരു സംഘാടകനായ, നല്ലൊരു സഖാവായിരുന്നു. ഒരുപാടു കാലം മുന്നെ എഴുത്തിലൂടെ അറിഞ്ഞ് ഒരു ദിവസം ഒരു സംഭാഷണത്തിലൂടെ ഏറെ പ്രിയപ്പെട്ടവനായ വ്യക്തിയായിരുന്നു.
അവനെന്റെ സുഹൃത്തല്ല എന്ന് എനിയ്ക്കന്ന് നിലപാടെടുക്കാമായിരുന്നു. പക്ഷേ ഞാനും അവന്റെ കൂട്ടുകാരും അന്നെടുത്ത തീരുമാനം അതായിരുന്നില്ല. ഒരു നിമിഷം പോലും അവനെ ന്യായീകരിച്ചിട്ടില്ല. അവൻ ചെയ്ത തെറ്റിനെ ലഘൂകരിച്ചിട്ടില്ല. ആ കേസ് കോടതിയിലെത്തുകയാണെങ്കിൽ അതിൽ നിരപരാധിത്വം സ്ഥാപിക്കാൻ ഒരു കാരണവശാലും കൂടെ നിൽക്കില്ലെന്നും പറഞ്ഞു. പക്ഷേ തീർച്ചയായും അവനെ ചേർത്തുപിടിച്ചു. ഇനി ഒരിക്കലും ഒരു ക്രിമിനലായി അവനെ കാണില്ലെന്ന വിശ്വാസം എനിക്കിന്നുണ്ട്.
ക്രിമിനലുകൾ ജന്മനാ ക്രിമിനൽ വാസനയുള്ളവരാണെന്നും അവർ തിരുത്തപ്പെടാൻ കഴിയാത്തവരാണെന്നും വാദിക്കുന്ന പോസിറ്റീവ് സ്ക്കൂൾ ഓഫ് ക്രിമിനോളജി ആധുനിക സമൂഹശാസ്ത്രം ഏറെക്കുറേ ഉപേക്ഷിച്ചതാണ്. കുറ്റത്തിനുള്ള പ്രതികാരമെന്നോണം കുറ്റവാളികളെ ശിക്ഷിക്കുന്ന റിട്രിബ്യൂട്ടീവ് സിദ്ധാന്തത്തിൽ നമ്മുടെ നീതിന്യായ വ്യവസ്ഥയും വിശ്വസിക്കുന്നില്ല. കുറ്റവാളികളെ തിരുത്തി, അവരെ സമൂഹത്തിലേക്ക് ചേർക്കുന്ന റിഫോർമേറ്ററി സിസ്റ്റമാണ് ആധുനികത ആവശ്യപ്പെടുന്നത്.
കുറ്റവാളികൾ എങ്ങനെ രൂപപ്പെടുന്നു എന്ന ചോദ്യത്തിൽ ഇന്നും പ്രബലമായി നിൽക്കുന്ന ഒരു വിശദീകരണമാണ് ലേബലിംഗ് തിയറി. ഫ്രാങ്ക് ടാനർബാമിന്റെ ഭാഷയിൽ പറഞ്ഞാൽ ‘dramatisation of evil’. ഒരു വ്യക്തിയെ ക്രിമിനലായി മുദ്രകുത്തുമ്പോൾ, നിങ്ങൾ അയാളിൽ എന്താണോ ആരോപിക്കുന്നത്, അയാൾ അതായി മാറുന്നു.
ഒച്ചുവേഗത്തിലുള്ള നിയമവ്യവസ്ഥയുടെയും ഒരുമണിക്കൂർ വിചാരണയിലൂടെയുള്ള മാധ്യമങ്ങളുടെയും വിധിന്യായങ്ങൾ നിലനിൽക്കുന്ന നമ്മുടെ സമകാലിക വ്യവസ്ഥിതിയിൽ നിരപരാധികൾ പോലും കുറ്റവാളിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഈ പ്രശ്നങ്ങൾ മനസിലാക്കിക്കൊണ്ട് തന്നെയാണ് ക്രമേണ രാജ്യങ്ങൾ ക്രിമിനൽ നടപടിക്രമങ്ങളിലും വിക്ടിം-ഒഫന്റർ മീഡിയേഷൻ പോലെ കോടതി വ്യവഹാരത്തിനു ബദലായ തർക്കപരിഹാരരീതികൾ നടപ്പിൽവരുത്തുന്നത്, ഇന്ത്യയിൽ തന്നെ പ്ലീ ബാർഗെയ്നിംഗ് അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ, നിങ്ങളുടെ സുഹൃത്തിനോടും ഈ സമൂഹത്തോടും നിങ്ങൾക്ക് നിറവേറ്റാവുന്ന ഏറ്റവും വലിയ ഉത്തരവാദിത്തം തെറ്റ് മനസിലാക്കാനും അത് തിരുത്തി സമൂഹത്തോട് ചേരാനും സഹായിക്കുക എന്നതാവും.