(ഷമിലാണ് വെള്ളിയൂർ സ്ക്കൂളിലെ ഒരു ക്ലാസ് ഗ്രൂപ്പ് തുടങ്ങിയത്, വാട്സാപ്പിൽ. അതിലേക്ക് ചെർക്കപ്പെട്ട ദിവസം കുറിച്ചത് )
ഒരിടവപ്പാതിയുടെ മഴച്ചോർച്ചയിൽ പരിചിതമായ ഇടവഴിയിലൂടെ വഴുതിവീഴലിനെ ഭയക്കാതെ ഓടിച്ചെന്നിരുന്നത് നാട്ടുമാവിൻ ചുവട്ടിലേക്കാണ്. അവിടെ, വേനൽ ബാക്കിവെച്ച എണ്ണം പറഞ്ഞ മാമ്പഴങ്ങൾ – പഴുത്തതും പഴുക്കാത്തതും – വീണുകാണും. അതിലെ ചെളി ട്രൗസറിൽ തുടച്ച് കടിച്ചീമ്പി പുളിപ്പ് നുണഞ്ഞ് തിരിച്ചു നടക്കവേ തലേന്ന് വെച്ചുകുത്തി വിരൽ മുറിഞ്ഞ വെള്ളാരങ്കല്ലിനെ ശ്രദ്ധിക്കാതിരുന്നുകാണില്ല. അതിന്റെ വക്കിൽ തളിർത്ത വെള്ളാപ്പൊട്ടി പറിച്ചെടുത്ത് ഉമ്മറത്തേക്കോടുന്നത് മരച്ചട്ടയുള്ള സ്ലേറ്റിലേയ്ക്ക് അതിലെ നനവ് പടർത്താനാണ്. പക്ഷേ ആ ഓട്ടം അവസാനിക്കുന്നില്ല. ഇടവഴിയിലൂടെ, പറമ്പിലൂടെ, അരിപ്പൂക്കൾക്കരികിലൂടെ, തുമ്പക്കാട്ടിലൂടെ, ഇരഞ്ഞിമരച്ചുവട്ടിലൂടെ… അങ്കണവാടിന്റടുത്തൂടെ, കാഞ്ഞിരത്തിന്റെ ചുവട്ടിലൂടെ.. സതി ടീച്ചറുടെ ക്ലാസിലൂടെ… കഞ്ഞിപ്പുരേന്റടുത്തൂടെ, 6B ന്റെ പിറകിലൂടെ, തേലക്കരമ്പലത്തിന്റെ മുന്നിലൂടെ, 7B യിൽ ചെന്ന് നിൽക്കുന്നു.
ഓട്ടം തുടങ്ങിയ ഞാൻ വളർന്നിരുന്നോ? ഓട്ടം കഴിഞ്ഞുവോ? ഞാനിപ്പോൾ വളർന്നുവോ?
ഇപ്പോൾ, കാലം കൊണ്ടും ദൂരം കൊണ്ടും ഏറെയകലെ നിൽക്കവെ, ഞാൻ വളർന്നുവോ?
