ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ബി.ബി.സി ചാനൽ കേൾക്കുമ്പോൾ, കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ റഷ്യ റ്റുഡേയും ഗാർഡിയനും വാഷിംഗ്ടൺ പോസ്റ്റുമടങ്ങുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത അഭിമാനമുണ്ട്. അത് വ്യക്തിപരം കൂടിയാണ്.
പീ ആർ എക്സെർസൈസെന്നൊക്കെ പ്രതിപക്ഷം പറയുമെങ്കിലും മിനിമം സാമാന്യബോധമുള്ളവർക്ക് ബോധ്യമാവും കേരളം നേടുന്ന ഈ അഭിനന്ദനങ്ങളൊന്നും വെറുതെയല്ലെന്ന്. 0.48 % ആണ് കേരളത്തിലെ മരണ നിരക്ക്. (2020 മെയ് 19ലെ കണക്ക്) തൊണ്ണൂറിലേറെ പ്രായമുള്ള, ഹൃദ്രോഗവും ഡയബെറ്റിസുമുള്ള അപ്പൂപ്പനെ വരെ നമ്മൾ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രോഗം വരുന്ന ഓരോരുത്തർക്കും മികച്ച സൗജന്യ ചികിത്സ ഉറപ്പുവരുത്തി. ഓരോരുത്തരുമായും സമ്പർക്കത്തിൽ വന്നവരെ കൃത്യമായി തെരഞ്ഞു കണ്ടെത്തി പരിശോധിച്ചു, ക്വാറന്റൈൻ ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിൽ പ്രവാസി തൊഴിലാളികൾ പട്ടിണിയിലായി വീട്ടിലേക്ക് കിലോമീറ്ററുകൾ നടന്നപ്പോൾ നമ്മളവർക്ക് ഭക്ഷണം ഉറപ്പുവരുത്തി. കേരള ഭക്ഷണം മടുത്തപ്പോൾ അവരുടെ രീതിയിൽ ഭക്ഷണം നൽകി. വീട്ടിലേക്ക് വിളിക്കാൻ ഫോൺ റീച്ചാർജ് ചെയ്തു കൊടുത്തു. അവരുടെ ഭാഷയിൽ ഹെല്പ്ലൈൻ സൗകര്യമൊരുക്കി. യാത്രയിൽ കഴിക്കാൻ മരുന്നും ഭക്ഷണവും നൽകിയാണ് നാമവരെ യാത്രയാക്കിയത്.
നഗരങ്ങളിലെ ഭിക്ഷാടകരെ സർക്കാർ പുനരധിവസിപ്പിച്ചു. തെരുവു പട്ടികളെയും അമ്പലങ്ങളിലെ കുരങ്ങന്മാരെയും പോലും നാം കരുതലോടെ സമീപിച്ചു. ഇതും ഇതിലേറെയും വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ മൂന്നുലക്ഷത്തി ഇരുപത്തയ്യായിരത്തോളം പേരുള്ള സന്നദ്ധസേന രൂപീകരിച്ചു. അതിൽ 54 പേർ ട്രാന്സ്ജെന്റർ വ്യക്തികളായിരുന്നു.
ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയപ്പോൾ മലയാളികളെ തീരിച്ചുകൊണ്ടുവരാനും അവർക്ക് രോഗമുണ്ടെങ്കിൽ അത് നാട്ടിൽ പകരാതിരിക്കാനും മികച്ച മുൻകരുതലുകളെടുത്തു. രജിസ്റ്റർ ചെയ്യുന്ന ഓരോരുത്തർക്കും വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ സൗകര്യമുണ്ടോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീട്ടിൽ പോയി അന്വേഷിച്ചു. ഇല്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ സംവിധാനങ്ങൾ ഉറപ്പുവരുത്തി.
ഇങ്ങനെയൊക്കെയാണ് നാം പട പൊരുതുന്നത്. ഈ സംവിധാനത്തിന്റെ ഓണർഷിപ്പാണല്ലോ അടുത്ത വിവാദം. ബൃഹത്തായ ഈ സംവിധാനം ഒരുക്കുന്നതിൽ തീർച്ചയായും ഇന്നോളമുള്ള സർക്കാരുകൾക്കും കൃസ്തു മതത്തിനും പഴയ നാട്ടുരാജ്യങ്ങൾക്കും ഗുരുവടക്കമുള്ളവർ നേതൃത്വം കൊടുത്ത നവോത്ഥാന പ്രസ്ഥാനങ്ങൾക്കും പങ്കുണ്ട്. പക്ഷേ സംവിധാനം മാത്രമുണ്ടായതുകൊണ്ട് കാര്യമില്ലല്ലോ! സംവിധാനങ്ങളും സൗകര്യങ്ങളുമില്ലാഞ്ഞിട്ടല്ലല്ലോ അമേരിക്കയും ഇറ്റലിയും ഇംഗ്ലണ്ടുമെല്ലാം ഭീകരമായ അവസ്ഥയിലേക്ക് പോയത്.
ഈ സംവിധാനങ്ങളെ ഏറ്റവും മനോഹരമായി ഉപയോഗിച്ച ഒരു പൊളിറ്റിക്കൽ എക്സിക്യുട്ടീവ് നമുക്കുണ്ടായി. വുഹാനിൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോൾ ഷൈലജ ടീച്ചർ കണ്ട്രോൾ റൂം തുറന്നു. മുപ്പത് ഡിഗ്രിയുടെയും പ്രതിരോധശേഷിയുടെയും കണക്കു പറഞ്ഞ് പ്രതിപക്ഷം പുച്ഛിച്ചപ്പോഴായിരുന്നു ഇതെന്നോർക്കണം.
മീഡിയ മാനിയ എന്ന് പ്രതിപക്ഷം ആരോപിക്കുന്ന പത്രസമ്മേളനങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്തുമാത്രം വലിയ റിസ്കാണ്? ജയിക്കുമെന്ന് യാതൊരുറപ്പുമില്ലാത്ത ഈ യുദ്ധം പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയപരമായി കൂടെ അവർ ഏറ്റെടുക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രവും ഇത് ചെയ്യാത്തതും അതുകൊണ്ട് കൂടെയാണ്.
ഒരു ടെലിവിഷൻ ചർച്ചയിൽ സഖാവ് സുനിൽ കുമാർ പറഞ്ഞതാണോർമവരുന്നത് – സാധാരണക്കാരുടെ പ്രശ്നം ഞങ്ങൾക്ക് മനസിലാവും, കാരണം ഞങ്ങളും സാധാരണക്കാരാണെന്ന്. സാധാരണ മനുഷ്യരെ അറിയാത്തവർ നയിക്കുന്നതു കൊണ്ടാണ് കേന്ദ്ര സർക്കാരിന് കിലോമീറ്ററുകൾ നടക്കുന്ന മനുഷ്യർ ഒരു പ്രശ്നമാവാത്തത്.
ആരെന്ത് പറഞ്ഞാലും ഇന്നോളം കേരളം ചെയ്ത കാര്യങ്ങൾക്ക് സർക്കാർ തീർച്ചയായും പ്രശംസയർഹിക്കുന്നുണ്ട്. വോട്ടു തേടിയും വോട്ടു ചെയ്തും ഞാനും കൂടെ ജയിപ്പിച്ച സർക്കാരെന്ന നിലയിൽ ഇതു പറയുമ്പോൾ ചെറുതല്ലാത്ത അഭിമാനവുമുണ്ട്.

2016ഇൽ നിയമസഭാ തെരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോൾ ഫേസ്ബുക്കിൽ കുറിച്ചതാണ് ചിത്രത്തിൽ. Anil അതെടുത്ത് പടമാക്കി. ആ തെരഞ്ഞെടുപ്പിൽ, വോട്ടിംഗ് മെഷീനിനു മുന്നിൽ വെളിവുകാട്ടിയ ഓരോരുത്തർക്കും ഇന്ന് അഭിമാനിക്കാൻ വകയുണ്ട്.