
Spoiled brat എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ, വളർത്തി വഷളാക്കപ്പെട്ട കുട്ടികളെ വിശേഷിപ്പിക്കാൻ. നാഴികയ്ക്ക് നാല്പതു വട്ടം അത് കേട്ട് വളർന്നവരാവും ശരാശരി മിഡിൽക്ലാസ് മില്ലേനിയൽസ്. പക്ഷേ മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗി അവരല്ല – അത് അവരുടെ മാതാപിതാക്കളാണ് – മിക്കപ്പോഴും പിതാക്കന്മാരാണ്.
സംശയമുണ്ടെങ്കിൽ അവരെ ഒന്നെതിർത്തുനോക്കിയാൽ മതി. തെറ്റാണെന്ന് നൂറുശതമാനം ഉറപ്പുള്ള അവരുടെ ചില വിശ്വാസങ്ങളെ/തീരുമാനങ്ങളെ ഒന്ന് ചോദ്യം ചെയ്താൽ മതി – ഗംഗയിലെ നാഗവല്ലി പുറത്തുചാടുന്നത് കാണാം. പക്ഷേ അവരെ സമൂഹം വളർത്തി വഷളാക്കിയിരിക്കൂകയാണ്. അവരെ എതിർക്കുന്ന നമ്മളാണ് തെറ്റുകാർ എന്നതാണ് പൊതുബോധം.
കുടുംബം എന്ന സ്ഥാപനം വളരെ കൃത്രിമത്വത്തോടെയാണ് നിലനിന്നുപോവുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്ര കുടുംബങ്ങളില്‍ ഇപ്പോഴും സ്നേഹം നിലനില്ക്കുന്നു ? സ്നേഹം – ഒരു വ്യക്തിയെ ഇഷ്ടമായി പരസ്പരബഹുമാനത്തില്‍ നിന്ന് ഉടലെടുക്കുന്ന സ്നേഹം. അപൂര്‍വമാണത്. ഒരു വ്യക്തി ഭാര്യയെ സ്നേഹിക്കുന്നത് അവള് ഭാര്യയായതുകൊണ്ടാണ്, ഭാര്യയായത് സ്നേഹിച്ചതുകൊണ്ടല്ല. മക്കളെ സ്നേഹിക്കുന്നത് , അവരെ പഠിപ്പിക്കുന്നത് , അവര്‍ മക്കളായതു കൊണ്ടാണ്. അല്ലാതെ അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ടുള്ള സ്നേഹമല്ല.ഇതു തന്നെയാണ് അടുത്ത തലമുറകളിലേക്കും പകരുന്നത്.
ഒരു കുട്ടി ജനിക്കുമ്പോള്‍, അവന് മനുഷ്യനാകും മുന്‍പ് ഒരുപാട് വിലാസങ്ങള്‍ കിട്ടുന്നു, ഇന്നയാളൂടെ മകന് / കൊച്ചുമകന് അങ്ങനെയങ്ങനെ. ആ വിലാസങ്ങള്‍ ബാധ്യതകളാവുന്നു. അവനു ലഭിക്കുന്ന സ്നേഹം വന്‍ പലിശയ്ക്ക് കൊടുക്കുന്ന വായ്പയാണ് , പിന്നീട് എണ്ണിയെണ്ണി കണക്കു പറയാനുണ്ട്. കണക്കുപുസ്തകം പലകുറി തുറക്കപ്പെടുന്നു. അവനു പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോള്‍, സ്വന്തം ഇഷ്ടപ്രകാരം ഒരു തൊഴിലിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍, അവന് പ്രണയിക്കുമ്പോള്‍.
ജനിക്കുന്ന കുട്ടി അവളാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്. ജനിക്കുന്ന നാള് മുതല്‍ അമ്മയും അഛനും അവളെ സ്വപ്നം കാണുന്നത് വിവാഹവേഷത്തിലാണ്. രക്ഷിതാക്കളുടെ എറ്റവും വലിയ സ്വപ്നമാണവളുടെ വിവാഹം. അതിന് അവളെ ഒരുക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യം. ഈ ദൌര്‍ബല്യം പരമാവധി ചൂഷണം ചെയ്യാന്‍ ജ്വല്ലറികളും സില്‍ക്ക് സാരീ ഷോറൂമുകളുമുണ്ട്. വിവാഹക്കമ്പോളത്തില്‍ നല്ല മൂല്യമുള്ളതും എന്നാല്‍ വലിയ കാലതാമസം എടുക്കാത്തതുമായ ഒന്നായിരിക്കണം വിദ്യാഭ്യാസം. പണ്ടത് ബി എ ബി എഡ് ആയിരുന്നു, ഇപ്പോള്‍ ഡോക്ടര്‍ ആണ്. അല്ലെങ്കില്‍ ബി ടെക്. കാശുണ്ടെങ്കില്‍ അതും തയ്യാറാണ്, അവളുടെ സ്വപ്നങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ പ്രത്യേകിച്ച് വിലയൊന്നുമില്ല.
അവള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ കണ്ടെത്തുന്ന വരനെ സ്നേഹിക്കുക എന്നത് അവളുടെ കടമയാണ്. വിവാഹമോചനങ്ങള്‍ക്കു നല്കപ്പെട്ടിട്ടുള്ള ഭീകരപരിവേഷം മൂലം ഈ വരന് എത്ര മാത്രം മോശം വ്യക്തിയായാലും അവനെ സഹിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതയാവുകയും ചെയ്യുന്നു. അധവാ അവള് സധൈര്യം വിവാഹമോചനം എന്ന തിരുമാനം എടുത്താല്‍ തന്നെ , ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരു തൊഴിലെടുക്കാന്‍ പ്രാപ്തി അവള് നേടിയിരിക്കുകയുമില്ല– കല്യാണം കഴിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ അവളെ പഠിപ്പിച്ചത്, ജോലി ചെയ്യാനും സമ്പാദിക്കാനുമല്ലല്ലോ!
മാതാപിതാക്കളോടുള്ള സ്നേഹം കൊണ്ടോ കടപ്പാടുകൊണ്ടോ പൊതുബോധത്തോടുള്ള പേടികൊണ്ടോ അവരെ മിക്കപ്പോഴും നമ്മൾ എതിർക്കാറില്ല. പലപ്പോഴും നമ്മളുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും – തൊഴിലിന്റെ കാര്യത്തിലായാലും ജീവിത പങ്കാളിയുടെ കാര്യത്തിലായാലും, അവരുടെ വാശിയ്ക്ക് മുന്നിൽ വേണ്ടെന്ന് വെക്കാറുണ്ട്.
സ്വയം പരിഹാസ്യരായിക്കൊണ്ട് സ്വർണമണിഞ്ഞ്, മതാചാരപ്രകാരം വിവാഹം കഴിക്കേണ്ടി വന്ന പുരോഗമനചിന്താഗതിക്കാരെ നമ്മൾ അറിഞ്ഞിട്ടുണ്ടാവും, ചിലപ്പോൾ പരിഹസിച്ചിട്ടുമുണ്ടാവും. പക്ഷേ, പുറത്ത് വിപ്ലവം കൊണ്ടുവരുന്നതിനെക്കാൾ പ്രയാസമാണ് വീട്ടിനകത്തത് കൊണ്ടുവരാൻ എന്നതാണ് സത്യം.
എന്നാൽ അനുസരണക്കേട് കാണിക്കാൻ കാലം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. മക്കളുടെ തെരഞ്ഞെടുപ്പുകളിലിടപെടാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾക്കുണ്ടെന്ന പൊതുബോധം മാറേണ്ടതുണ്ട്. നല്ല കുരുത്തക്കേടുക കാണിക്കാൻ നമുക്ക് കഴിയട്ടെ. തൊഴിലിന്റെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലൈംഗികതയുടെയും കാര്യത്തിൽ സ്വന്തമായ തീരുമാനങ്ങളും താത്പര്യങ്ങളുമുള്ള ഒരു വ്യക്തിയായി തങ്ങളുടെ മക്കൾ വളർന്നു വരും എന്ന് മനസിലാക്കാൻ കഴിയാത്തവർ ഗർഭ നിരോധന ഉറകൾ ശീലമാക്കുകയാണ് വേണ്ടത്.
പശ്ചാത്തലം : 1. മലപ്പുറത്ത് ‘താഴ്ന്ന’ ജാതിയിൽപെട്ടയാളുമായുള്ള വിവാഹത്തലേന്ന് മകളെ കുത്തിക്കൊന്ന കേസിൽ പിതാവിനെ കോടതി വെറുതെ വിട്ടെന്ന് വാർത്ത. സാക്ഷിയായ അമ്മ മൊഴിമാറ്റിയത്രെ.2. ഭീമമായ സ്ത്രീധനം കൊടുത്ത് ‘കെട്ടിച്ചയച്ച’ വനിതയെ മരുമകൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നെന്ന് വാർത്ത. ഭർതൃവീട്ടിലെ പീഢനത്തെക്കുറിച്ച് അറിയാമായിരുന്നെന്നും, പരമാവധി ഒരുമിച്ച് പോട്ടെ എന്ന് കരുതിയെന്നും വധിക്കപ്പെട്ട സ്ത്രീയുടെ മാതാപിതാക്കൾ