ഹയർ സെക്കണ്ടറി കാലം. പുസ്തകം പഠിത്തം അത്ര കാര്യമായ അജണ്ട ആയിരുന്നില്ലെങ്കിലും ജീവിതത്തിൽ പലതും പഠിച്ചതും എന്റെ ഊള സ്വഭാവം കുറെ ഒക്കെ മാറിത്തുടങ്ങിയതും ആ കാലത്താണ്. ദിനേശൻ മാഷായിരുന്നു ക്ലാസ് ടീച്ചർ – ഇംഗ്ലീഷ് ആയിരുന്നു മൂപ്പർ എടുത്തിരുന്ന വിഷയം. ഞാൻ സാമാന്യം ശ്രദ്ധിച്ചിരുന്ന രണ്ട് വിഷയങ്ങളിൽ ഒന്നതായിരുന്നു.
ആള് കിടുവായിരുന്നു. സ്റ്റാഫ് റൂമിൽ ഇരുന്ന് കക്ഷി ഫ്രണ്ട് ലൈൻ വായിക്കുന്നത് കണ്ടാണ് ഞാനും അത് വായിക്കാൻ തുടങ്ങിയത്, മലയാളം മീഡിയക്കാരനായ എന്റെ ഇംഗ്ലീഷിനെ ഭേദപ്പെടുത്തിയതിൽ ആ ശീലത്തിന്റെ പങ്ക് ചെറുതല്ല.
ഞങ്ങൾ കുട്ടികളോടും മാഷ് നല്ലൊരു ബന്ധമായിരുന്നു വെച്ച് പുലർത്തിയത്, അതിന്റെ അനുരണനമായിരുന്നോ അതോ സ്വാഭാവികമായി സംഭവിച്ചതായിരുന്നോ എന്നറിയില്ല – ഞങ്ങൾ ജാതിമതലിംഗ (അവസാനത്തേതാണ് പ്രധാനം) ഭേദമന്യേ നല്ല കൂട്ടായിരുന്നു.
ഒരു ദിവസം പെട്ടെന്ന് ക്ലാസിലെ പെൺപക്ഷം ഞങ്ങളോട് മിണ്ടാതെയായി. മുഖത്തോട്ട് നോക്കുന്നില്ല, ഞങ്ങളിരിക്കുന്ന ഭാഗത്തേക്കേ വരുന്നില്ല – ആകെമൊത്തം ഒരു അഭ്യന്തരയുദ്ധത്തിന്റെ പ്രതീതി. ആദ്യമൊന്നും ഞങ്ങൾക്ക് ഒന്നും പിടികിട്ടിയില്ല. പിന്നെയാണ് കാരണം വെളിപെടുന്നത്. കോമേഴ്സ് വിഭാഗത്തിലെ ഒരു പ്രമുഖ അധ്യാപകൻ വന്ന് അതിഭീകരമാം വിധം അവരെ വഴക്ക് പറഞ്ഞതാണ്. ആണും പെണ്ണും തമ്മിൽ അടുത്തിരിക്കുന്നു, സംസാരിക്കുന്നു എന്നീ ഗൗരവകരമായ സദാചാര വിരുദ്ധ കുൽസിത പ്രവർത്തികളിലാണ് ഞങ്ങൾ ഏർപെട്ടിരിക്കുന്നത്. കേട് ഇലയ്ക്കാണല്ലോ – അപ്പോൾ കുറ്റം ചെയ്തതും ഇലയാണ്. അതുകൊണ്ട് ഇലയ്ക്കു തന്നെ വഴക്ക്.
കാര്യം എന്തായാലും ഞങ്ങൾ പ്രതിഷേധിക്കാൻ തീരുമാനിച്ചു. ബോർഡിൽ പ്രതിഷേധ വാചകങ്ങളൊക്കെ എഴുതപ്പെട്ടു. അയ്യിടെ എവിടെയോ വായിച്ച മുറിയറിവുവെച്ച് ഞാൻ ആർട്ടിക്കിൽ 19 എന്നൊക്കെ വെച്ച് കാച്ചി.
ആദ്യ പിരീഡ് ദിനേശൻ മാഷ് ക്ലാസിൽ വന്നു. ശക്തമായ സംവാദം നടന്നു. അന്നത്തെ സംവാദം എങ്ങനെയാണ് അവസാനിച്ചത് എന്നോർമ്മയില്ല. പക്ഷേ അതിനിടയിൽ ദിനേശൻ മാഷ് പറഞ്ഞ ഒരു കാര്യം ഞാനൊരിക്കലും മറക്കില്ല.
“നീയീ കമ്പ്യൂട്ടർ സയൻസൊന്നും പഠിച്ച് സമയം കളയരുത്, പോയി എൽ.എൽ.ബി എടുത്ത് പ്രാക്ടീസ് ചെയ്യാൻ പൊക്കോ – നിനക്ക് പറ്റിയ പണി അതാണ്”
മുന്നത്തെക്കാൾ ദൃഢമായി ഞങ്ങളുടെ സൗഹൃദം തുടർന്നതും ഞാൻ പ്ലസ് ടുവിൽ തോൽവിയുടെ വക്കത്തുകൂടെ കടന്നുപോയതും പിന്നെ എൽ.എൽ.ബിയ്ക്ക് ചേർന്നതും വക്കീലായതും പിൽക്കാല ചരിത്രം.
അന്നത്തെ ആ സംഭവത്തിനുശേഷമാണോ എന്നെനിയ്ക്കറിയില്ല – ലിംഗതുല്യത എന്നത് ഞാൻ ഗൗരവമായി പഠിക്കുന്ന, ഇടപെടാൻ ശ്രമിച്ചിട്ടുള്ള ഒരു വിഷയമാണ്.
ദിനേശൻ മാഷിന്റെയും സദാചാരൻ മാഷിന്റെയും ഓർമയിൽ അധ്യാപകദിനാശംസകൾ. (അങ്ങേർക്ക് വല്ല മാറ്റവും ഉണ്ടോ ആവോ!)
