സ്വര്‍ഗാരോഹണം

“ഒരിടത്തൊരു പുലയനുണ്ടായിരുന്നു”

മുന്നിലെ വഴിയില്‍ നിന്നും നോട്ടം പിന്‍വലിക്കാതെ ജിതന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ നാലുപേരുടെ ഏഴു കണ്ണുകളും അയാള്‍ക്കുനേരെ തിരിഞ്ഞു. അജയന്റെ ഒരു കണ്ണ്‌; വണ്ടിയുടെ കുലുക്കങ്ങളിലും അനങ്ങാതെ മൊബൈലിന്റെ ഡിസ്പ്ലേയില്‍ തറച്ചു നിന്നു.

“ഉം”

സുദേവന്‍ ഒന്നമര്‍ത്തിമൂളി. ജിതന്‍ തുടര്‍ന്നു. “മരണം പ്രവചിക്കുമായിരുന്നു അയാള്‍; കാലൻ കോഴിയുടെ കൂവലിന്റെ താളവും അകലവും കൂട്ടിക്കിഴിച്ച് സ്ഥലവും സമയവും പറയുമായിരുന്നു.”

വിനോദും സഹദേവനും ചേര്‍ന്ന് തുടങ്ങിവച്ച കൂട്ടച്ചിരിയില്‍ പിന്നീട് സുദേവനും; ഒറ്റക്കണ്ണുകൊണ്ട് അജയനും പങ്കുചേര്‍ന്നു. “ഇപ്പഴും ഇതൊക്കെ വിശ്വസിച്ചു പ്രചരിപ്പിക്കാന്‍ ഇവനെപ്പോലെ ചില പൊട്ടന്മാരും”- പെട്ടെന്ന് ചാറ്റ് നിര്‍ത്തി ഫോണ്‍ സ്ക്രീന്‍ ലോക്കുചെയ്ത് കീശയിലിട്ട് കണ്ണട നേരെയാക്കി അജയനെന്ന മാധ്യപ്രവര്‍ത്തകന്‍ ചര്‍ച്ചയിലിടപെട്ടു.

ജിതന്‍ നിശബ്ദനായി. അയാള്‍ക്ക് മറുപടി പറയാന്‍ താത്പര്യം കുറവായിരുന്നു. ശ്രദ്ധ ഡ്രൈവിംഗിലേക്കു തിരിഞ്ഞു

വണ്ടിയുടെ വേഗത കൂടി. യാത്രക്കാരെല്ലാം അവരുടേതായ ലോകങ്ങളിലേക്കു മടങ്ങി; അജയനും.

അത്തരം യാത്രകള്‍ പതിവുള്ളതായിരുന്നു. ഉലകത്തിന്റേ ഏതെങ്കിലും ഒരു കോണില്‍ നിന്ന് പല നമ്പറുകളില്‍ന്നിന്നായി ജിതന്റെ വിളിവരും. എത്തേണ്ട സ്ഥലം മാത്രം പറയും. അതിനപ്പുറം ചോദ്യങ്ങള്‍ക്കിടനല്‍കാതെ സംഭാഷണം മുറിയും… കാണാത്ത ലോകങ്ങളിലേക്ക് അവന്‍ അവരെ കൂട്ടിക്കൊണ്ടു പോകും.. ഒരിക്കല്‍ ഒരു ക്ലാസ്മുറിയില്‍ ഒന്നിച്ചിരുന്നതൊഴിച്ചാല്‍ അവനുമായി വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല; അജയന്. പാണ്ഡവെരെന്നു വിളിക്കപ്പെട്ട ആ ഐവര്‍ സംഘത്തിലെ അംഗത്വം മീശകുരുക്കാതിരുന്ന അക്കാലത്ത് സാഹോദര്യത്തെപ്പോലെയായിരുന്നു. പിന്നെക്കലങ്ങിമറിഞ്ഞ് ജീവിതമൊഴുകിയപ്പോള്‍; അവരപരിചിതരായി.

എങ്കിലും ആ യാത്രകള്‍ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിനപ്പുറം ഒന്നും നെടിയേടുക്കാനയാള്‍ക്കു സാധിച്ചിരുന്നില്ല. നാലാള്‍ക്കുമുന്നില്‍ പറയാന്‍ പറ്റിയ ഒരു നാമവിശേഷണം പോലും..

ആഗ്രഹിച്ചിരുന്നു ; ഒരുയിര്‍ത്തെഴുന്നേല്‍പ്പ്. അതിനുള്ള വഴിയായിരുന്നു ജിതന്‍. സാഹിത്യമണ്ഡലത്തെ അടക്കിഭരിച്ച് ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചു നടക്കുന്ന അവന്റെ ജീവിതം പുറത്തുകൊണ്ടുവരാന്‍ സാധിച്ചാല്‍…

ആ ചിന്ത അനന്തമായി നീണ്ടുപോയി. ഒത്തിരിയുണ്ടായിരുന്നു; തോളിലെ ബാഗില്‍ സ്വപ്നങ്ങള്‍. മാരുതി എയ്റ്റ് ഹന്ഡ്രഡിന്റെ അന്തസ്സില്ലായ്മയില്‍നിന്നൊരു മോചനം… കുടുംബത്തോടൊത്ത് യാത്രകള്‍.. കുട്ടികളെ പുഞ്ചിരിപ്പിക്കുന്ന പോക്കറ്റ് മണി… അയാള്‍ കീശയില്‍ തടവിനോക്കി. ആയിരത്തിന്റെ ഒരു പുത്തന്‍ നോട്ട് മടക്കി പേഴ്സിലേക്കുവയ്ക്കുമ്പോള്‍ അതിന്റെ സൗന്ദര്യം ആസ്വദിച്ച് മതിയായിരുന്നില്ല. പേഴ്സ് തടവിക്കൊണ്ട് ചിന്തകളില്‍ നടക്കവേ; പാതി തുറന്നിട്ടിരുന്ന ജനല്‍ച്ചില്ലിലൂടെ മഴത്തുള്ളികള്‍ ആ മുഖം ലക്ഷ്യമാക്കി കടന്നുവന്നു.

നൊസ്റ്റാള്‍ജിയ പുകഞ്ഞു; അയാൾ മെല്ലെ മൂളി.

“ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍

ആതിര വരും പോകുമല്ലേ സഖീ..”

“വരുമായിരിക്കും” ജിതന്‍ ചിരിച്ചു. ആതിര ആരെന്നു തിരക്കിയ സഹദേവന് സൂര്യാ ബാറിലെ ഡാൻസറാണെന്ന് മറുപടികൊടൂത്തുകൊണ്ട് വിനോദന്‍ ഹാജര്‍ പറഞ്ഞു. സംഭാഷണങ്ങള്‍ നിശ്ശബ്ദം ആസ്വദിച്ചുകൊണ്ട് ജിതന്‍ ആക്സിലറേറ്ററില്‍ ചവുട്ടി. റോഡില്‍ കെട്ടിക്കിടന്ന വെള്ളം ചുഴറ്റിയെറിഞ്ഞ് ശകടം ഇരുട്ടിനെ മൂറിച്ചു കുതിച്ചു. ദേഹത്തുതെറിച്ചുവീണ വെള്ളം ശരീരം കുടഞ്ഞ് തെറിപ്പിച്ച് അവരെ തന്നെ നോക്കി നിന്ന തെരുവുനായ; റിയര്‍വ്യൂ മിററിനുള്ളില്‍ നിന്ന് കുറച്ച്നേരം തെറിവിളിച്ച് അടുത്തവളവെത്തിയപ്പോള്‍ ഇറങ്ങിപ്പോയി.

വഴിയോരക്കാഴ്ച്ചകള്‍ക്കു ഭംഗിയേറിവന്നു. വഴിവിളക്കുകളുടെ കാന്തിയും.

pexels-photo-42079

“പട്ടണം ..!!” ജിതന്റെ കണ്ണുകള്‍ വിടര്‍ന്നു.

അജയനിലെ മാധ്യമപ്രവര്‍ത്തകനുപക്ഷേ പ്രത്യേകിച്ചൊന്നുമവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു സാധാരണ തെരുവിരവിന്റെ കാഴ്ച്ചകള്‍ക്കപ്പുറം അവിടെയൊന്നുമുണ്ടായിരുന്നില്ല. ആഢംബരത്വവും ദാരിദ്ര്യവും പേവ്മെന്റിലെ അനാഥനിദ്രകളും;വിശന്നവയറുമായി ആരെയൊക്കെയോ കാത്തുനിന്ന പെണ്ണുങ്ങളും…

പെട്ടെന്നുണര്‍ന്നെണീറ്റ സഹദേവന്‍ ബൈനോക്കുലറിലൂടെ സൗന്ദര്യാസ്വാദനം തുടങ്ങി. വിവരണവും.

വണ്ടി മെല്ലെ നിന്നപ്പോള്‍ അനുമതിയാണെന്നുറപ്പിച്ച് അവന്‍ പുറത്തിറങ്ങി. ആര്‍ത്തിയോടെ നടന്നകന്ന അവനെ പുറത്താക്കി ജിതന്‍ പിന്നെയും ആക്സിലേറ്ററില്‍ ചവുട്ടി. പഴകിയമോരിനോളം പുളിച്ച സഹദേവന്റെ സാഹിത്യം കുറച്ചുനേരം അവരെ പിന്തുടര്‍ന്നു. വണ്ടിയിലെ മൂകതയ്ക്കിടയിലൂടെ നിഗൂഢത ഒഴുകിപ്പരന്നു. ജിതനൊഴിച്ചുള്ളവര്‍ പരസ്പരം നോക്കി.

ധൈര്യം സംഭരിച്ച് അജയന്‍ ചോദിച്ചു : “നമ്മളെങ്ങോട്ടാ?”

“സ്വര്‍ഗ്ഗത്തിലേക്ക് !അര്‍ഹതയില്ലാത്തവര്‍ക്കവിടെ പ്രവേശനമില്ല!!” ജിതനുരുവിട്ടു.

പിന്നെയും പലയിടങ്ങളില്‍നിന്നായി യാത്രാസംഘത്തിന്റെ അംഗസംഖ്യ കുറഞ്ഞു. സ്വര്‍ഗയാത്രയില്‍ പാണ്ഡവര്‍ രണ്ടുപേര്‍ മാത്രമവശേഷിച്ചു. സ്വന്തം ഭാവിയും അജയന് ഏകദേശം മനസിലായിരുന്നു. വണ്ടി വീണ്ടും നില്‍ക്കുന്നതും കാത്ത് അയാളിരുന്നു.

അപ്പോള്‍ അവര്‍ എവിടെയായിരുന്നു എന്ന് അയാള്‍ക്കറിയില്ലായിരുന്നു. ഗൂഗിള്‍ മാപ്പിനായി ഫോണ്‍ എടുത്തു. ; ബാറ്ററി എംപ്റ്റി എന്നു കരഞ്ഞുകൊണ്ട് അത് നിത്യനിദ്രപൂണ്ടു.

ലോകം തനിക്കുചുറ്റും കറങ്ങുന്നതായയാള്‍ക്കുതോന്നി. ഒരു മാരുതി എയ്റ്റ് ഹന്ഡ്രഡ് ; ദീനമായി ഹോണടിച്ചു കൊണ്ട് അയാളുടെ തലയ്കുള്ളിലൂടെ കടന്നുപോയി. വീട്ടുകാരിയും കുട്ടികളും അതില്‍നിന്നു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ജിതന്റെ ഫീച്ചറിനുവേണ്ടി കണക്കുകൂട്ടിവെച്ചിരുന്ന തലവാചകങ്ങള്‍; ഒന്നൊന്നായി മനസില്‍ നിന്നിറങ്ങിപ്പോയി. കീശയിലെ ആയിരത്തിന്റെ നോട്ടിനെ അയാള്‍ ഒന്നുകൂടി തലോടി.

വണ്ടി എവിടേയോ നിന്നു. അതൊരു കാടാണെന്ന് മാത്രം അയാള്‍ക്കു മനസിലായി. ജിതന്റെ കണ്ണുകളോളം തന്നെ വന്യത അതിനുണ്ടായിരുന്നു.

ജിതന്‍ പുറത്തിറങ്ങി; കൂടെ അജയനും. ജിതന്‍ നടന്ന വഴിയെ തന്നെ അയാളും നടന്നു.

mystic20jungle_fffe82e0-4553-11e5-bf3d06cfcece326b

പകല്‍ പിറന്നിരുന്നെങ്കിലും വെട്ടം പരന്നിരുന്നില്ല. കാനപിയില്‍ നിന്നും അരിച്ചരിച്ചുവന്ന പ്രകാശത്തെ നടുക്കാട് ഏതാണ്ട് പൂര്‍ണമായും തിന്നുതീര്‍ത്തു. ചിലയിടങ്ങളില്‍ മാത്രം ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ കിരണങ്ങള്‍ അന്തരീക്ഷത്തിലെ ആര്‍ദ്രതയില്‍ മൂര്‍ച്ചയുള്ള വാളുപോലെ കാണപ്പെട്ടു.

കാഴ്ച്ചകളൊട്ടും ശ്രദ്ധിക്കാതെയായിരുന്നു ജിതന്‍ നടന്നത്. വഴിയിലെവിടെയോ വച്ച് അവര്‍ക്കൊപ്പം സസ്യഭോജിയായ ഒരു നായയും ചേര്‍ന്നു. വഴിയില്‍ വീണുകിടന്ന ഫലങ്ങള്‍ അത് ശ്രദ്ധയോടെ ഭക്ഷിക്കുന്നതുകണ്ടപ്പോള്‍ കൗതുകം തോന്നി. ആ കൗതുകം ഒരു തുടക്കം മാത്രമായിരുന്നെന്ന് പിന്നീടു മനസിലായി.

കാടിനു കാഠിന്യം കുറഞ്ഞുവന്നു. വഴിവക്കില്‍ കുടിലുകള്‍ പ്രത്യക്ഷപ്പെട്ടു. അവിടെ ജീവിതമുണ്ടായിരുന്നു. ദൈവവിഭ്രാന്തിയും (God Delusion) മൂലധനവുമെല്ലാം പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രങ്ങളെ അത്ഭുതത്തോടെ അജയന്‍ നോക്കിനിന്നു. നഗ്നരായ സ്ത്രീകളുടെ മാറിടത്തേക്കു നീണ്ട അയാളുടെ കണ്ണുകളെ അവിടുത്തെ മനുഷ്യര്‍ കണ്ടതും അതേ അത്ഭുതത്തോടെയായിരുന്നു.

വിശകലനങ്ങള്‍ക്കിട നല്‍കാതെ ജിതന്‍ നടന്നുകൊണ്ടിരുന്നു. നടത്തത്തിന്റെ താളത്തില്‍ അയാള്‍ സംസാരിച്ചു; അജയന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന പല കാര്യങ്ങളും. പക്ഷേ അന്നേരമവയൊന്നും ശ്രദ്ധിക്കാന്‍ അയാള്‍ക്കു സാധിച്ചില്ല. ആയിരത്തിന്റെ നോട്ടും എയ്റ്റ് ഹണ്ഡ്രഡും ജീവിതവും മരണവും സ്വര്‍ഗവും നരകവും… പരിധിക്കപ്പുറത്തെ ലോകങ്ങളിലലയുകയായിരുന്നു അയാളുടെ ചിന്തകള്‍.

യാത്ര പിന്നെയും നീണ്ടു.

കഠിനമായ വേദനയുടെ ആവേഗങ്ങളുമായി നാഡികള്‍ മുരണ്ടു. വോള്‍ട്ടേജില്ലാതെ ഓണ്‍ ചെയ്ത മോട്ടോറുപോലെ ഹ്രിദയം നിലയ്കാന്‍ തുടിച്ചു. രക്തം ശരീരം മുഴുവനെത്തുന്നില്ലെന്നയാള്‍ക്കു തോന്നിത്തുടങ്ങി. പരന്നുകിടന്ന നിലാവിനെ മറച്ചുകൊണ്ട് കണ്ണിലേക്കിരുട്ട് ഇരച്ചുകയറി. അയാള്‍ മണ്ണിലേക്ക് വീണു.

ഒരുപാട് കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ സൂര്യന്‍ മുന്നിലുണ്ടായിരുന്നു. സഹയാത്രികന്‍ കാത്തുനിന്നിരുന്നില്ല.

രണ്ടു വഴികള്‍ അയാള്‍ക്കുമുന്നില്‍ തെളിഞ്ഞുവന്നു. ഒരു പാതയുടെ അറ്റത്ത് ഒരു പുഴയും ഒരു കുടിലും ദ്ര്ശ്യമായിരുന്നു. രണ്ടാമത്തേത് നീണ്ടത് അംബരചുംബികളെ ചുംബിച്ചുണര്‍ത്തി സ്മോഗ് പരന്നുകിടന്ന ഒരു പട്ടണത്തിലേക്കായിരുന്നു.

സ്വര്‍ഗനരകങ്ങള്‍ !!!

ഒന്നെണീറ്റുനില്‍ക്കാനയ്യാള്‍ ആശിച്ചു. സാധിച്ചില്ല. ശരീരം അന്ത്യത്തോടടുത്തിരുന്നു. അടുത്ത നിമിഷത്തിന്റെ അനിശ്ചിതത്വം; അപ്പോഴും മരിക്കാതിരുന്ന ചിന്തകളെ വേട്ടയാടിക്കൊണ്ടിരുന്നു. തലച്ചോറു പൊട്ടിത്തെറിച്ചായിരിക്കും തന്റെ മരണം എന്നയാള്‍ക്കു തോന്നി.

അപ്പോള്‍; അയാള്‍ക്കു പിന്നിലെ ഉയരമുള്ള പാറയില്‍ തലേന്നു രാത്രിമുതല്‍ അയാളുടെ മരണത്തിനായി അയാളെക്കാള്‍ വിശപ്പുമായി കാത്തിരുന്ന കഴുകന്‍ ചിന്തിച്ചിരുന്നതെന്തായിരിക്കാം ….?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s