ഒരേ നഗരത്തിലെ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച രണ്ടുപേര്‍ – ഇളവരസനും ദിവ്യയും , അടുത്തടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. രണ്ടുപേരും ജോലിനേടിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പക്ഷേ അവര്‍ക്ക് പോരാടേണ്ടി വന്നത് അവരുടെ കുടുംബങ്ങളോടു മാത്രമായിരുന്നില്ല. ജാതിവ്യവസ്ഥയോടൂം ഒരു രാഷ്ട്രീയ പാര്ട്ടിയൊടുമായിരുന്നു. ദിവ്യയ്ക്ക് നഷ്ടമായത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പുരുഷന്മാരെയാണ്, ആദ്യം അവളുടെ വിവാഹവാര്‍ത്തയറിഞ്ഞ് ആത്മഹത്യചെയ്ത പിതാവിനെ. പിന്നെ ഒരുമിച്ച് ജീവിക്കാനാവില്ലെന്നുറപ്പായപ്പോള്‍ തീവണ്ടിപ്പാളത്തില്‍ മരണത്തെ പുല്കിയ ഭര്‍ത്താവിനെ. ഇളവരസനു നഷ്ടമായത് സ്വന്തം പ്രണയവും ജീവനും.

നാളേറെയായിട്ടില്ല, ‘ദുരഭിമാനക്കൊല‘ എന്ന വാക്ക് ദിനപത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കാത്ത ദിവസങ്ങളില്‍ നിന്ന്. ആ വാക്ക് മാധ്യമങ്ങളില്‍ കാണാതായത് അവ ഇല്ലാതായതു കൊണ്ടല്ല, അവയ്ക്ക് വാര്‍ത്താപ്രാധാന്യം നഷ്ടമായതുകൊണ്ടാണ്. പേരറിയാത്ത എത്രയോ ജീവിതങ്ങള്‍ ഇപ്പോഴും ജാതിക്കോമരങ്ങളുടെ വാളിന്നിരയാവുന്നു.
സത്യത്തിലിപ്പോള്‍ യുവാക്കള്‍ക്ക് പ്രണയിക്കാന്‍ പേടിയാണ്.
ഇളവരസനും ദുരഭിമാനക്കൊലകളും ചിന്തകളെ മഥിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സൗഹ്രിദസംഭാഷണങ്ങളില് പലപ്പോഴും ആ വിഷയം കടന്നുവന്നു. പ്രതികരണങ്ങള്‍ രസകരമായിരുന്നു. ജാതി ചോദിച്ചശേഷം പ്രണയിച്ചവരെ കണ്ടു. അതു തന്നെയായിരുന്നു എനിക്കും കിട്ടിയ ഉപദേശം. ജാതിയും മതവും സമ്പത്തുമൊക്കെ നോക്കി പ്രണയിച്ചോളാന്‍ !! (ജാതകം നോക്കാന്‍ പറയാഞ്ഞതില്‍ എനിയ്ക്കിപ്പോഴും അത്ഭുതം) ജാതി–മതാതീത വിവാഹങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരായിരുന്നു ഭൂരിപക്ഷവും. രസകരമായ ഒരു സത്യം മനസിലായി, നമുക്കിപ്പൊഴും പ്രണയം ഒരു ‘taboo’ ആണ്. കവികള്‍ക്ക് കവിത എഴുതാനും സംവിധായകന് പടം പിടിക്കാനും പിന്നെ ടെലിവിഷന്‍ പരസ്യങ്ങളില്‍ മേമ്പൊടിക്ക് ചേ ര്ക്കാനുമൊക്കെ ഉപയോഗിക്കാവുന്ന ഒന്നാണ് നമുക്കത് (ചുരുങ്ങിയത് മുതിര്‍ന്നവര്‍ എന്നു വിളിക്കപ്പെടുന്നവർക്കെങ്കിലും).
ആധുനിക ഭാരതത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ intercaste marriage നടന്നത് 1889ലായിരുന്നു. ജ്യോതിറാവു ഫൂലെയുടെ മകന്റെ വിവാഹം . ജാതി വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളില്‍ മറക്കാനാവാത്തതാണ് അദ്ദെഹത്തിന്റെ പേര്. കേരളത്തിലും ജാതി വ്യവസ്ഥയ്ക്ക് മൂക്കുകയറിടാന്‍ സാധിച്ചത് ശ്രീനാരായണ ഗുരുവിനെയും സഹോദരന് അയ്യപ്പനെയും പോലുള്ള നവോത്ഥാനനായകരുടെ പ്രവര്‍ത്തനം മൂലമാണ്. ശക്തമായ ഇടതുപക്ഷ ബോധവും വിദ്യാഭ്യാസവിപ്ലവവും ജനങ്ങളില്‍ എഗലിറ്റെറിയന് ചിന്തകള്‍ നാട്ടി.
ഇന്ത്യയിലിന്ന് ജാതി–മതാതീത വിവാഹങ്ങള്‍ക്ക് നിയമസാധുതയുണ്ട് – 1954 ലെ Special marriages act വഴി. എങ്കിലും സമൂഹം ഇന്നും പഴയപടിയാണ്. ദുരഭിമാനക്കൊലകളിലെ മിക്ക കേസുകളിലും കൃത്യമായ അന്വേഷണമോ ശിക്ഷയോ ഉണ്ടാവുന്നില്ല. സമൂഹവും പോലീസും പ്രണയിച്ചവരെയാണ് തെറ്റുകാരായി കണ്ടത്. പക്ഷേ തെറ്റെന്തെന്നു മാത്രം മനസിലാവുന്നില്ല.പരസ്പരം സ്നേഹിക്കുന്നത് എങ്ങനെയാണ് തെറ്റാവുന്നത് ?
നാം നേടിയ പുരോഗതി, അത് എത്രത്തോളമായിരുന്നാലും , നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ആള്‍ദൈവങ്ങളിലും അന്ധവിശ്വാസങ്ങളിലും അഭയം പ്രാപിക്കുകയാണ് ഇന്ത്യന്‍ മധ്യവര്‍ഗം. ഈയിടെ അറസ്റ്റിലായ ആശാറാം ബാപ്പു എന്ന വിശ്വാസവ്യവസായിയെ വളര്‍ത്തിയതില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും വ്യക്തമായ പങ്കുമുണ്ട്. വാലന്റൈന്‍സ് ദിനത്തെ ‘മാതൃ പിതൃ പൂജന്‍ ദിവസ് ‘ ആയി തന്റെ ആശ്രമങ്ങളില്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത ബാപ്പുവിനെ ഏറ്റുപിടിച്ച് ഛത്തിസ് ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അത് സര്ക്കുലറായയയ്ക്കുകയാണുണ്ടായത്. ബി ജെ പിക്ക് അദ്ദേഹം രാജഗുരുവായിരുന്നു. ആള് ദൈവങ്ങളും മത സംഘടനകളും നടത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ കടകളിലെല്ലാം വില്‍ക്കുന്നത് ഇത്തരം മൂല്യങ്ങളാണ്, ജാതി– മത– സങ്കുചിത ചിന്തകളും അന്ധ വിശ്വാസങ്ങളും.
ശരീരത്തില്‍ ബാധ കയറി, അത് ഒഴിപ്പിക്കുകയാണ് എന്നു പറഞ്ഞാണ് ആശാറാം സ്ക്കൂൾ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചത്. പ്രണയവിവാഹങ്ങള്‍ക്കെതിരെ ശക്തമായ പ്രചരണങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. ഇളവരസന്റെ മരണത്തിനു കാരണമായത് മിശ്രവിവാഹങ്ങള്‍ക്കെതിരെ പി എം കെ (പട്ടാളി മക്കള്‍ കക്ഷി) നടത്തിയ പ്രചരണമാണ്. അതിന്റെ കാര്‍മികത്വം വഹിച്ചത് കേന്ദ്ര മന്ത്രിയായിരുന്ന അന്‍പുമണി രാംദാസും.
ഒടുവിലത്തെ പ്രതീക്ഷയായിരുന്ന ജുഡിഷ്യറിയും നമ്മെ നാണം കെടുത്തിക്കൊണ്ട് ഈയിടെ ഒരു വിധി പ്രസ്താവിക്കുകയുണ്ടായി.
ഒരു ഹിന്ദുവിനെ വിവാഹം കഴിച്ച ഗുല്‍ രുഖ് ഗുപ്ത എന്ന പാഴ്സി വനിതയാണ് പാഴ്സി ക്ഷെത്രങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയ മത പൗരോഹിത്യത്തിനെതിരെ ഗുജറാത്ത് ഹൈക്കൊടതിയെ സമിപിച്ചത്. പക്ഷേ “Special marriage act” വഴി വിവാഹിതരാവുമ്പോള്‍ ഒരു സ്ത്രീ യാദ്ര്ശ്ചയാ ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറ്റപ്പെടുന്നു ” എന്നാണു കോടതി വിധിച്ചത്. (Goolrokh A Contractor v. Burjor Pardiwala, President & Ors. (SCA 449/2010) case, on March 23, 2012) ഏതൊരു വ്യക്തിക്കും താത്പര്യമുള്ള മതം പിന്തുടരാനുള്ള മൗലികാവകാശം വാഗ്ദാവം ചെയ്യുന്ന article 25 ന്റെ നഗ്നമായ ലംഘനമായി, ഈ വിധി. ആക്ടിന്റെ പുരോഗമനപരമായ മാനങ്ങളെ പരിഹസിക്കുന്ന ഒന്നായിത്തീര്‍ന്നു ഈ വിധി. കറുത്ത കോട്ടിന്റെ മറനീക്കി ജഡ്ജിമാരിലെ യാധാസ്ഥിതികത്വം പുറത്തു വരുന്നത് ഇത്തരം വിധികളിലാണ്. സ്ത്രീധനം സ്വീകരിച്ചു എന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ അം ഗീകരിച്ചതും ഈയിടെ വാര്‍ത്തയായിരുന്നു.
ജാതി വ്യവസ്ഥ അവസാനിപ്പിക്കാന്‍ മിശ്രവിവാഹങ്ങള്‍ക്കേ സാധിക്കൂ എന്ന് ഭരണഘടനാശില്‍പ്പി ബി ആര് അംബേദ്ക്കര്‍. അദ്ദേഹത്തിന്റെ രാജ്യത്തിലാണ് മിശ്രവിവാഹത്തെക്കുറിച്ചുള്ള പാഠഭാഗത്തിന്റെ പേരില്‍ പാഠപുസ്തകം കത്തിക്കപ്പെട്ടത്. അതിനു നേതൃത്വം കൊടുത്തവര്‍ ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നു. എന്തു വിദ്യാഭ്യാസമാണിവര്ക്ക് സമൂഹത്തിനു നല്‍കാനുള്ളത് ?
ഒറ്റയ്ക്ക് ഒരു ഭരണകൂടത്തിന് ഒരിക്കലും ഒരു സമൂഹത്തെ മാറ്റിയെടുക്കാന്‍ സാധിക്കില്ല, അത് എത്രത്തോളം വിപ്ലവാത്മകമായാലും. മാറേണ്ടത് മനുഷ്യരാണ്, നമ്മള്. പക്ഷേ എന്തുകൊണ്ടതു സം ഭവിക്കുന്നില്ല?
നമ്മുടെ കുടുംബങ്ങളില്‍ തന്നെയാണു പ്രശ്നം.
എത്ര കുടുംബങ്ങളില്‍ ഇപ്പോഴും സ്നേഹം നിലനില്ക്കുന്നു ?
സ്നേഹം – ഒരു വ്യക്തിയെ ഇഷ്ടമായി പരസ്പരബഹുമാനത്തില്‍ നിന്ന് ഉടലെടുക്കുന്ന സ്നേഹം. അപൂര്‍വമാണത്. ഒരു വ്യക്തി ഭാര്യയെ സ്നേഹിക്കുന്നത് അവള് ഭാര്യയായതുകൊണ്ടാണ്, ഭാര്യയായത് സ്നേഹിച്ചതുകൊണ്ടല്ല. മക്കളെ സ്നേഹിക്കുന്നത് , അവരെ പഠിപ്പിക്കുന്നത് , അവര്‍ മക്കളായതു കൊണ്ടാണ്. അല്ലാതെ അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ടുള്ള യഥാർത്ഥ സ്നേഹമല്ല.
ഒരു കുട്ടി ജനിക്കുമ്പോള്‍, അവന് മനുഷ്യനാകും മുന്‍പ് ഒരുപാട് വിലാസങ്ങള്‍ കിട്ടുന്നു, ഇന്നയാളൂടെ മകന് / കൊച്ചുമകന് അങ്ങനെയങ്ങനെ. ആ വിലാസങ്ങള്‍ ബാധ്യതകളാവുന്നു. അവനു ലഭിക്കുന്ന സ്നേഹം വന്‍ പലിശയ്ക്ക് കൊടുക്കുന്ന വായ്പയാണ് , പിന്നീട് എണ്ണിയെണ്ണി കണക്കു പറയാനുണ്ട്.
കണക്കുപുസ്തകം പലകുറി തുറക്കപ്പെടുന്നു. അവനു പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോള്‍, സ്വന്തം ഇഷ്ടപ്രകാരം ഒരു തൊഴിലിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍, അവന് പ്രണയിക്കുമ്പോള്‍..
അവരവനു വെച്ചു നീട്ടുന്നുണ്ട് – അവന്റെ കാശു കിട്ടാത്ത തൊഴിലിനു പകരം മൂല്യവും മാന്യതയും കൂടിയ ജോലി. താഴ്ന്ന ജാതിക്കാരിയായ, സ്ത്രീധനം തരാത്ത അവന്റെ കാമുകിക്ക് പകരം കുടുംബ അഭിമാനത്തിന് ചേര്‍ന്ന, സ്ത്രീധനം തരുന്ന ഒരു അമ്മായി അച്ഛന്.
വിവാഹക്കമ്പോളത്തില്‍ നല്ല മൂല്യമുള്ളതും എന്നാല്‍ വലിയ കാലതാമസം എടുക്കാത്തതുമായ ഒന്നായിരിക്കണം വിദ്യാഭ്യാസം. പണ്ടത് ബി എ ബി എഡ് ആയിരുന്നു, ഇപ്പോള്‍ ഡോക്ടര്‍ ആണ്. അല്ലെങ്കില്‍ ബി ടെക്. കാശുണ്ടെങ്കില്‍ അതും തയ്യാറാണ്, അവളുടെ സ്വപ്നങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ പ്രത്യേകിച്ച് വിലയൊന്നുമില്ല.
അവള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ കണ്ടെത്തുന്ന വരനെ സ്നേഹിക്കുക എന്നത് അവളുടെ കടമയാണ്. വിവാഹമോചനങ്ങള്‍ക്കു നല്കപ്പെട്ടിട്ടുള്ള ഭീകരപരിവേഷം മൂലം ഈ വരന് എത്ര മാത്രം മോശം വ്യക്തിയായാലും അവനെ സഹിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതയാവുകയും ചെയ്യുന്നു. അധവാ അവള് സധൈര്യം വിവാഹമോചനം എന്ന തിരുമാനം എടുത്താല്‍ തന്നെ , ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരു തൊഴിലെടുക്കാന്‍ പ്രാപ്തി അവള് നേടിയിരിക്കുകയുമില്ല– കല്യാണം കഴിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ അവളെ പഠിപ്പിച്ചത്, ജോലി ചെയ്യാനും സമ്പാദിക്കാനുമല്ലല്ലോ!
ചെറുപ്പത്തിലേ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്– “അനുസരണം നല്ലശീലം“, “മുതിര്‍ന്നവരെ ബഹുമാനിക്കണം“. യോജിക്കുന്നു. പക്ഷേ പ്രായത്തില്‍ മുതിര്‍ന്നു എന്നുകൊണ്ടു മാത്രം എങ്ങനെയാണ് ഇത്തരം കൊള്ളരുതായ്മകള്ക്കുവേണ്ടി വാദിക്കുന്നവരെ അംഗീകരിക്കുക?
നമ്മുടെ അനുസരണശീലത്തെ ചൂഷണം ചെയ്തുകൊണ്ട് തന്നെയാണ് എല്ലാ അനീതിയും ദുരാചാരങ്ങളും ഇവിടെ നിലനിന്നുപോന്നത്. സതിയും അയിത്തവും ശൈശവവിവാഹവും .. എല്ലാം. നമ്മുടെ നിശബ്ദതയാണ് ഇളവരസനെ കൊന്നത്, പലരെയും ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ നിശബ്ദതമൂലമാണ് ശ്രീനാരായണഗുരുവിന്റെ പേരില്‍ ജാതി പാര്‍ട്ടി നടത്തി ചിലര്‍ നമ്മുടെ കേരളത്തെ പരിഹസിക്കുന്നത്. ജാതിപ്പേരു പറഞ്ഞ് മന്ത്രിസ്ഥാനത്തിനായി ലേലം വിളിച്ച് ജനാധിപത്യത്തിനുനേരെ കൊഞ്ഞനം കുത്തുന്നത്. ഈ നിശബ്ദത നീണ്ടു പോവുമ്പോള്‍ ഇവിടെയും കൊല്ലപ്പെടും ചിലര്‍. പക്ഷേ നമ്മള് നല്ലശീലക്കാരാണ്. മാതാപിതാക്കളെ അനുസരിക്കുന്നവരാണ്.
നമ്മള് നിശബ്ദരായിരിക്കും, നമ്മുടെ നേരെ ഒരു കൊലക്കത്തി നീളുവോളം .
