ഓരോ വാട്സാപ്പ് ഗ്രൂപ്പും ഓരോ തുരുത്താണ്. പുറം ലോകവുമായി കാര്യമായ ബന്ധമൊന്നും ഉണ്ടാവില്ല. ഗ്രൂപ്പംഗങ്ങളിലെ ഭൂരിപക്ഷത്തിന്റെ ബൗദ്ധികനിലവാരം അനുസരിച്ചിരിക്കും ഗ്രൂപ്പിന്റെ നിലവാരവും നിലപാടും. കാൻസർ തുരത്തുന്ന മുള്ളാത്തയും റേഡിയോ ആക്ടിവിറ്റിയെ പ്രതിരോധിക്കുന്ന പശുവിന്റെ കൊമ്പുമെല്ലാം അവിടെ ഹിറ്റാവുന്നു. ഗ്രൂപ്പുകളിൽ നിന്നും പേഴ്സണൽ മെസേജ് വഴി പ്രചരിക്കുന്ന കിംവദന്തികളെ പ്രതിരോധിക്കാൻ എളുപ്പമല്ല. ഫാക്ട് ചെക്കിനുള്ള സാധ്യത വളരെ കുറവാണ്.
നമ്മുടെ വാട്സപ്പ് സംസ്കാരത്തിന്റെ ഏറ്റവും പുതിയ ഇര മലപ്പുറത്ത് മർദനത്തിനിരയായ വയോധികനായിരുന്നു. വാട്സപ്പിലെ പുതിയ ഹിറ്റ് ഐറ്റമായ തമിഴ്/ഉത്തരേന്ത്യൻ ഭിക്ഷാടന മാഫിയയുടെ പേരിൽ നിരവധി സന്ദേശങ്ങളാണ് അനുദിനം ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ അടുത്ത കാലത്തൊന്നും അത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് അവകാശപ്പെടുന്നില്ല. പലപ്പോഴും ഒരു പരിധി കടന്ന് അന്യദേശക്കാരെ മുഴുവൻ പ്രതിപ്പട്ടികയിൽ നിർത്തുന്ന രീതിയിലാണ് സന്ദേശങ്ങൾ ഉണ്ടാവാറ്. ജിഷ വധം നടന്നപ്പോഴും സൗമ്യ വധം നടന്നപ്പോഴും അവയുണ്ടായിരുന്നു.
പക്ഷേ മുള്ളാത്തയെയും ഗോമൂത്രത്തെയും പോലല്ല അവ – നാടിന്റെയും വംശത്തിന്റെയുമെല്ലാം പേരിൽ തമ്മിൽ ശത്രുതയുണ്ടാക്കും വിധം സംസാരിക്കുന്നതും എഴുതുന്നതുമെല്ലാം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണ്. എഴുതിയത് വായിച്ച് പോയി ആരെങ്കിലും ആരെയെങ്കിലും തല്ലിയാൽ അത് പ്രേരണാക്കുറ്റത്തിൻ കീഴിലും വരും. ആറെസ്സെസ്സിനു കൊടിപിടിക്കുന്നത് നിർത്തി ഇത്തരം ഭാവനകൾ പടച്ചുവിടുന്ന കുറച്ചുപേരെയെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കേണ്ടത്.

ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ ഭൂരിഭാഗവും അസത്യവും ദുരുദ്ദേശപരവുമാണെങ്കിലും ഭിക്ഷാടനം ഒരു യാധാർത്ഥ്യമാണെന്നത് അംഗീകരിക്കാതെ വയ്യ. കുട്ടികളെയുൾപ്പെടെ തട്ടിയെടുക്കുന്നതും മെയിം ചെയ്ത് ഭിക്ഷാടനത്തിനുപയോഗിക്കുന്നതും അസംഭവ്യമായ കാര്യമല്ല. 2016ലെ ക്രൈം റെകോർഡ്സ് ബ്യൂറോയുടെ കണക്കു പറയുന്നത് രാജ്യമൊട്ടുക്കും 44 കുട്ടികൾ ഭിക്ഷാടനത്തിനുവേണ്ടി തട്ടിയെടുക്കപ്പെട്ടു എന്നാണ്. (സോഴ്സ് : http://ncrb.gov.in/StatPubl…/…/CII2016/pdfs/Table%202C.3.pdf)
ഭിക്ഷാടനം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ നിയമങ്ങളാൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്. The Travancore Prevention of Begging Act, 1120 ( XIII of 1120), The Cochin Vagrancy Act, 1120 (Act XXI of 1120), The Madras Prevention of Begging Act, 1945 (Act XIII of 1945) എന്നീ പുരാതന നിയമങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്.
ജസ്റ്റിസ് വി ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ 2009ൽ തയ്യാറാക്കപ്പെട്ട ലോ റിഫോർംസ് കമ്മീഷൻ റിപ്പോർട്ടിൽ ഈ മൂന്ന് നിയമങ്ങൾക്കും പകരം The Kerala Prevention of seeking Alms and just Rehabilitation Bill” എന്ന ഒരു പുതിയ നിയമം നിർദേശിക്കപ്പെട്ടിട്ടുണ്ട്. (http://keralalawcommission.nic.in/…/kerala%20preventon%20of… ) ഭിക്ഷാടനത്തെ വർഷങ്ങളുടെ ശിക്ഷ അർഹിക്കുന്ന കുറ്റം എന്ന രീതിയിൽ നിന്ന് മാറി പരിഹാരം അർഹിക്കുന്ന ഒരു സാമൂഹ്യപ്രശ്നമായി ആ നിയമം കാണുന്നു. അവരെ പുനരധിവസിപ്പിക്കാനും തൊഴിലഭ്യസിപ്പിക്കാനുമുള്ള ഉത്തരവാദിത്തം സർക്കാരിനെയേൽപ്പിക്കുന്നു.
സർക്കാരിനു ചെയ്യാവുന്ന ഒരു കാര്യം അത് വൈകിപ്പിക്കാതെ നിയമസഭയിൽ അവതരിപ്പിക്കുകയും ആവശ്യമായ മാറ്റങ്ങളോടെ നിയമമാക്കുകയുമാണ്.